ഞാൻ എപ്പോഴും പറയാറുള്ളത് പോലെ നമ്മൾ എന്തുണ്ടാക്കുന്നു എന്നതിലല്ല എങ്ങിനെ ഉണ്ടാക്കുന്നു എന്നതിലാണ് കാര്യം 

ഉദാഹരണത്തിന് ഒരു തോരൻ ഉണ്ടാക്കുന്നത് തന്നെ ഇരിക്കട്ടെ - 

ബീന്സ് നമ്മുക്ക് കട്ടിംഗ് ബോർഡിൽ വെച്ച് കറുമുറെ നുറുക്കി എടുക്കാം അതേ സമയം അത് കൈയ്യിൽ ഒതുക്കി പിടിച്ചു ചെരിച്ചു നേർമയായി ഒരേ രീതിയിൽ ചീന്തി അരിഞ്ഞും എടുക്കാം. ഇത് രണ്ടും തമ്മിൽ എന്നാ വ്യത്യാസം എന്റെ അപ്പനേ എന്ന് ചോദിച്ചാൽ അതുണ്ടാക്കുന്നവരെക്കാൾ അത് കഴിക്കുന്നവർക്കേ മനസ്സിലാവൂ.

എന്നാൽ അത് പോട്ടെ - അരപ്പിന്റെ കാര്യമാണെങ്കിലോ?

ചുമ്മാ തേങ്ങ തിരുമ്മി അതിലേക്കു സവാളയും/കൊച്ചുള്ളി പച്ചമുളകും, വെളുത്തുള്ളിയും (ചിലർ ചേർക്കാറേ ഇല്ല) അരിഞ്ഞിട്ടു, മഞ്ഞളും ചേർത്ത് കൈ കൊണ്ട് ഞെരടി എളുപ്പത്തിനു തല്ലികൂട്ടി ഒരു തോരൻ ഉണ്ടാക്കും

അതേ സമയം തേങ്ങയും ജീരകവും കൊച്ചുള്ളിയും പച്ചമുളകും (കാന്താരി) മഞ്ഞളും കറിവേപ്പിലയും അരകല്ലിൽ ഒതുക്കി എടുത്ത് (എന്നാൽ പിന്നെ മിക്സിയിൽ ചട്ണി ജാറിൽ ഇട്ടു കറക്കിയത്) ബീന്സിന്റെ കൂടെ ചേർത്ത് ഉപ്പും ചേർത്ത് ഞെരടി യോജിപ്പിച്ച് അരപ്പിന്റെ വെള്ളവും അല്പം ചേർത്ത് അടുപ്പത് വച്ച് ആവികയറ്റി ഇളക്കി തോർത്തി ഇത്തിരി പച്ചവെളിച്ചെണ്ണ തൂവി എടുക്കും ചിലർ.

എന്നാൽ ഇനി ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ
By: Sherin Mathew

250 ഗ്രാം ബീന്സ് ചീന്തി അരിഞ്ഞത് (അല്ലേൽ കറുമുറാന്നു കട്ടിക്കോ)
1/4 മുറി തേങ്ങ തിരുമ്മിയത്‌
6 കൊച്ചുള്ളി
4 വെളുത്തുള്ളി
2 നുള്ള് ജീരകം
ഒരു തണ്ട് കറിവേപ്പില

ഇത്രയും ഒതുക്കി എടുത്ത് ഒരു ചീനച്ചട്ടിയിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് കടുകും പൊട്ടിച്ചു അല്പം കറിവേപ്പിലയും മൂപ്പിച്ചു അരപ്പ് ഒന്ന് വഴറ്റുക - വെളുത്തുള്ളി വഴലുന്ന മണം പരക്കണം - വീട്ടിലുള്ളവരും അയൽപ്പക്കതുള്ളവരും അറിയണം തോരൻ വയ്ക്കുമ്പോൾ.

ഇനി അരപ്പിന്റെ വെള്ളവും (വളരെ കുറച്ചു - 1/4 ടി കപ്പ്‌ - അല്പം ഉപ്പും ചേർത്ത് ഒന്ന് കുമിള വരുമ്പോൾ ബീന്സ് കൂടി ചേർത്ത് തട്ടി പൊത്തി വെച്ച് ചെറുതീയിൽ ഒന്ന് ആവി കയറ്റുക. പച്ചകറികൾ വെന്തു കുഴയരുത് എന്നാണ് ശാസ്ത്രം - പ്രത്യേകിച്ച് ഇലകറികളും മറ്റും.

മൂടി തുറന്നു തോരൻ നന്നായി തോർത്തി എടുക്കുക. ആവശ്യത്തിനു ഉപ്പുണ്ടോ എന്ന് നോക്കി രണ്ടു മൂന്ന് കറിവേപ്പില ഞെരടി ഇട്ടു ഇത്തിരി വെളിച്ചെണ്ണയും തൂവി ഇളക്കി എടുക്കാം

പച്ചമുളകിനു ബദൽ വറ്റൽമുളകും അരക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم