Prawn Biriyani |
വീട്ടില് പ്രോണ്‍ വാങ്ങിയാൽ എല്ലാര്ക്കും ഒടുക്കത്തെ പുഞ്ഞമാ - എന്നാൽ പിന്നെ ശങ്കരാടി നാടോടിക്കാറ്റിൽ പറയുന്നപോലെ - ഇത്തിരി കടലപിണ്ണാക്ക് , ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട് ഇതൊക്കെ ചേർത്ത് ഒരു ബിരിയാണി ഉണ്ടാക്കാം എന്ന് കരുതി
എല്ലാം വളരെ പെട്ടന്നായിരുന്നു - പ്ലേറ്റ് എനിക്ക് കഴുകേണ്ടി വന്നില്ല
ആദ്യം ഒരു പാൻ അടുപ്പത്ത് വച്ച് താഴെ പറയുന്നവ മൂപ്പിച്ചു പൊടിക്കുക
4 കഷണം കറുവാപട്ട
8 ഏലക്ക
8 കരയാമ്പൂ
3 ജാതി പത്രി
2 ടി സ്പൂണ്‍ ഷാ ജീരകം (ഷാഹി ജീരകം)
1 ടി സ്പൂണ്‍ സാദാ ജീരകം
2 വലിയ ഉരുള കിഴങ്ങ് ഓരോന്നും 6 ആയി മുറിച്ചു എണ്ണയിൽ ബ്രൌണ്‍ നിറത്തിൽ വറക്കുക.
ആ സമയം കൊണ്ട് 4 സവാള ഉള്ളി നേരിയതായി അരിഞ്ഞു തയ്യാറാക്കി വെക്കുക.
കിഴങ്ങ് വറത്തു കഴിഞ്ഞാൽ ഉള്ളി മൂപ്പിക്കാൻ ഇടുക.
ബ്രൌണ്‍ നിറമായാൽ കരിയാതെ കോരുക.
ഇതേ എണ്ണയിൽ ആദ്യം 2 ടേബിൾ സ്പൂണ്‍ അണ്ടിപരിപ്പ് വറത്തു കോരുക. പിന്നാലെ 2 ടേബിൾ സ്പൂണ്‍ കിസ്സ്മിസ്സും.
മല്ലിയില, പുതിന ഇല - ഇവ ഓരോ കപ്പ് (ടി കപ്പ്) അരിഞ്ഞെടുക്കുക.
3/4 കപ്പ് തൈര് നന്നായി അടിച്ചു തയ്യാറാക്കി വെക്കുക.
ഇനി 500 ഗ്രാം പ്രോണ്‍ നന്നായി വൃത്തിയാക്കി കഴുകി പിഴിഞ്ഞ് എടുക്കുക.
ഇതിലേക്ക് മേലെ പറഞ്ഞ മസാല പൊടിയിൽ നിന്നും മുക്കാലും ചേർക്കുക.
വറുത്ത ഉള്ളിയിൽ മുക്കാൽ ഭാഗം ഇതിലേക്ക് തിരുമ്മി പൊടിച്ചു ചേര്ക്കുക.
എന്നിട്ട് 3 ടി സ്പൂണ്‍ മുളകുപൊടി, 2 ടി സ്പൂണ്‍ മല്ലിപൊടി 1 ടി സ്പൂണ്‍ മഞ്ഞള്പൊടി എന്നിവയും തൈരും ചേര്ക്കുക. ആവശ്യത്തിനു ഉപ്പും രണ്ടു പിടി പുദിന ഇല അരിഞ്ഞതും ഒരു നാരങ്ങ പിഴിഞ്ഞതും ചേര്ത്തത് നന്നായി ഇളക്കി യോജിപ്പിച്ച് മാറ്റി വെക്കുക.
അതവിടെ ഇരിക്കട്ടെ. മസാല നന്നായി പിടിക്കട്ടെ
4 കപ്പ് അരി കഴുകി വാരി എടുത്തു വെക്കുക
ഇനി 1/4 കപ്പ് ചൂട് പാലിൽ ഒരു നുള്ള് സാഫരോണ്‍ (കുങ്കുമപൂ) ഇട്ടു
വക്കുക. അതും അവിടെ ഇരിക്കട്ടെ.
ഇനി ഒരു പാത്രത്തിൽ വെള്ളം എടുത്ത് അതിൽ 2 കഷണം കറുവാപട്ട, 5 ഏലക്ക, 5 കരയാമ്പൂ 4 ചെറിയ ബേ ലീഫ്, ജാതി പത്രി 2 എന്നിവയും ആവശ്യത്തിനു ഉപ്പും ഒരു നാരങ്ങ പിഴിഞ്ഞ നീരും 2 ടേബിൾ സ്പൂണ്‍ എണ്ണ (നെയ്) രണ്ടു പിടി പുദിന അരിഞ്ഞതും പൊടിച്ച മസാലയുടെ ബാക്കിയും ചേർത്ത് തിളച്ചാൽ അരി ഇട്ടു പകുതി വേവായാൽ ഊറ്റി എടുക്കുക.
ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ ഉള്ളിയും മറ്റും വറുത്ത എണ്ണയിൽ നിന്നും കുറച്ചു ഒഴിക്കുക.
ഇതിലേക്ക് പ്രോണ്‍ കൂട്ട് നിരത്തുക.
ഇതിനു മേലെ വറുത്തു വെച്ച ഉരുളകിഴങ്ങ് നിരത്തുക.
ഇനി ചോറ് നിരത്തുക. ഇതിനു പുറത്തു സാഫ്റോണ്‍ ചുറ്റിച്ചു ഒഴിക്കുക. പുറമേ അണ്ടിപരിപ്പ്, കശുവണ്ടി എന്നിവ വിതറുക. ഇനി ഓരോ പിടി പുദിന ഇല, മല്ലിയില ഇവ വിതറി നന്നായി അടച്ചു വെച്ച് ചെറു തീയിൽ 30 മിനിറ്റ് വേവിക്കുക. അടിയിൽ പിടിക്കില്ല - ഞാൻ ഗാരന്റീ - അതിനല്ലേ താഴെ എണ്ണ ഒഴിച്ചത്. പോരാത്തതിനു ചെറിയ തീയും.
തീ ഓഫ് ആക്കിയാലും 20 മിനിട്ടോളം മൂടി തുറക്കേണ്ട - അവിടെ ഇരുന്നു ധം ആവട്ടെ
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes