Omelet Pocket |
"ഭഷണത്തിൽ ധാരാളം പ്രോട്ടീനുകൾ ഉൾപ്പെടുത്തൂ, ഫൈബെർസും ധാരാളം ചെല്ലട്ടെ" - ഡോക്ടറുടെ നിർദ്ദേശം
പുഴുങ്ങിയും, പൊരിച്ചും, കറിവെച്ചും, വാട്ടിയും, കാളകണ്ണുണ്ടാക്കിയും (ബുൾസ് ഐ) ചിക്കി പൊരിച്ചും, തോരൻ വച്ചും, ഓംലെറ്റ് കറി വച്ചും, പോച് ചെയ്തും, ഭജി ഉണ്ടാക്കിയും, റിങ്ങ്സ് ഉണ്ടാക്കിയും, ഭുർജി, ബർത്ത, സാലട്സ്, ടോർട്ടില എല്ലാം പണിതു തട്ടി
ഇനി ശ്രീ ജഗതിയുടെ വക നാല് പുതിയ രസങ്ങളിൽ ഒന്ന് - ഓംലെറ്റ് പോക്കെറ്റ്
നിങ്ങൾ ചിരിക്കും ( പൂച്ചക്ക് വീണ വായന - എലിക്കു പ്രാണവേദന)
ഫ്രിജ് തുറന്നു തോരനുകൾ, മെഴുക്കുകൾ എന്നിവ മിച്ചമുള്ളത് എടുത്തു നിരത്തി വെക്കുക
ഒരു മുട്ട എടുത്ത് ഒരു കോപ്പയിൽ പൊട്ടിച്ചൊഴിച്ച് അല്പം ഉപ്പും (ഇത്തിരി കുരുമുളക്പൊടി വേണേൽ ഇട്ടോ - എനിക്ക് കൊച്ചു വെളുപ്പാൻകാലത്ത് ആഡംബരങ്ങളോട് വിരക്തി തോന്നിയത് കൊണ്ട് ഞാൻ ഇട്ടില്ല) ചേർത്ത് അടിച്ചു വക്കുക
ഒരു പാനിൽ എണ്ണ ഒഴിച്ച് മുട്ടയുടെ പകുതി ഒഴിക്കുക. തീ കുറച്ചു ഓംലെറ്റ് ഒന്ന് വാടുമ്പോൾ ഒരു ചട്ടുകം കൊണ്ട് അത് കോരി ഒരു പ്ലേറ്റിൽ ആ ചട്ടുകത്തേൽ തന്നെ വച്ചിട്ട് (ശ്രദ്ധിക്കുക ഒരു വശം മാത്രമേ നമ്മൾ മൊരിച്ചുള്ളൂ) ബാക്കി മുട്ട ഒഴിച്ച് മറ്റൊരു ഓംലെറ്റ് നിരത്തുക.
ഇനി അത് വേവുന്നതിനു മുന്നേ ബീന്സ് തോരൻ, കാബേജ് തോരൻ, ഉരുളകിഴങ്ങ് മെഴുക്കുപുരട്ടി, ബീന്സ് മെഴുക്കുപുരട്ടി, വെണ്ടയ്ക്ക മെഴുക്കുപുരട്ടി എന്നിത്യാദിയുള്ള മിച്ചം വന്ന സാധനങ്ങൾ ഇത്തിരി ഇത്തിരി വീതം ഈ ഓംലെറ്റിനു മുകളിൽ വിതറുക.
ഇനി ചട്ടുകത്തിൽ ഇരിക്കുന്ന ഓംലെറ്റ് മൊരിയാത്ത വശം താഴെ വരുന്നപോലെ (തോരനുകൾക്ക് മേലെ വരുന്നപോലെ) കമിഴ്ത്തി ചട്ടുകം കൊണ്ട് പ്രസ് ചെയ്ത് ചേർത്ത് മൊരിച്ചെടുക്കുക
ഡിം - പ്രോടീനുമായി, ഫൈബറുമായി, ഒന്നും വേറെ വേറെ പെറുക്കി തിന്നുവേം വേണ്ട - ഹോ എന്റെ ഒരു കാര്യം!!
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes