ഇഡ്ഡലി പൊടി
By : Sherin Mathew

മക്കൾക്ക്‌ വേണ്ടിയാണല്ലോ നമ്മുടെ ജീവിതം!!! 
മക്കളെ കണ്ടും മാമ്പൂ കണ്ടും ഭ്രമിക്കരുത് എന്നാണെങ്കിലും മക്കൾക്ക്‌ വേണ്ടി ജീവിച്ചേ നമ്മുക്ക് ശീലം ഉള്ളൂ - അല്ലെ?

എന്റെ മോൾ സാമാന്യം തെറ്റില്ലാത്ത ഒരു പ്രസ്ഥാനം ആണ്
ഭക്ഷണ രീതികളിൽ ഒക്കെ അവൾക്കു അവളുടേതായ കാഴ്ചപ്പാടുകൾ ഉണ്ട്

ഇറച്ചിയും മീനും മറ്റും ചില പ്രത്യേക സ്വാദുകളിൽ മാത്രമേ അവിടെ ചിലവാകൂ.

ഇന്ന് ഒരു മീൻ വറുത്തു കൊടുത്തത് ഇഷ്ടപ്പെട്ടു എന്നിരിക്കട്ടെ - അതേ മീൻ നാളെ അതേ രീതിയിൽ വറുത്താൽ അവൾ മുഖം കൊട്ടി മൂക്ക് ചുളിച്ചു ചുണ്ട് വക്രിച്ചു, ചൂണ്ടുവിരൽ കൊണ്ട് പാത്രം തള്ളി അങ്ങ് നീക്കി വെക്കും.

അവളെ പ്രീതിപെടുത്താനുള്ള നിരന്തര പ്രയത്നത്തിലാണ് ഞാൻ എന്ന് വേണേൽ പറയാം.

അവളുടെ രീതികൾ കാണുമ്പോൾ ചിലപ്പോൾ തോന്നും അപ്പനപ്പൂപ്പന്മാര് ബ്രാഹ്മണരായിരുന്നു എന്ന് കുടുംബക്കാർ വീമ്പിളക്കുന്നത് ശരിയാണെന്ന്.

ഒരു ഇഡ്ഡലി സാമ്പാർ തൈര് ഇടിച്ചമ്മന്തി ഇഡ്ഡലിപൊടി പെണ്ണ്.

ഇഡ്ഡലിപൊടി ഒരു ബലഹീനതയാണ്. വിപണിയിൽ സുലഭം എന്നതിനാൽ വീട്ടിൽ ഉണ്ടാക്കാൻ മിനക്കെടാറില്ല. കഴിഞ്ഞ കുറേ മാസങ്ങളായി ഇത് ഞങ്ങളുടെ ഗ്രൊസെറിയിൽ കിട്ടുന്നില്ല. ലുലുവിൽ പോകുമ്പോൾ മറക്കുകയും ചെയ്യും. അവൾക്കു സാമ്പാറിൽ ആരോ കൈവിഷം കൊടുത്തിട്ടുള്ളത് കൊണ്ട് അങ്ങ് അഡ്ജസ്റ്റ് ചെയ്തു പോയി.

പക്ഷെ ഇന്ന് എന്റെ പട്ടത്തിപെണ്ണിനെ സന്തോഷിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. ഞാൻ തന്നെ ഇത്തിരി ഇഡ്ഡലി പൊടി അങ്ങ് പൊടിച്ചു

പട്ടത്തി എന്ന് പറഞ്ഞപ്പോഴാണ് ഇത് കൂടി പറഞ്ഞില്ലേൽ കഥ പൂർണ്ണമാവില്ല എന്ന് തോന്നിയത്.

പണ്ട് എനിക്കൊരു 12 വയസ്സ് പ്രായമുള്ള കാലത്ത് - ബാന്ഗ്ലൂരിൽ ഒരു തമിഴ് ബ്രാഹ്മണസ്ത്രീയുടെ കീഴിൽ ഞാൻ സംഗീതം അഭ്യസിച്ചിരുന്നു. ഒരുവിധം തെറ്റില്ലാതെ പാടുകയും ശ്രുതി ശുദ്ധമായ ഒരു സ്വരമുണ്ടായിരുന്നതിനാലും അവരുടെ അരുമ ശിഷ്യ ആയിരുന്നു ഞാൻ.
ഒരു കാലത്ത് മദിരാശിയിലെ ഏതോ വലിയ കോടീശ്വരനായ ഒരു കാപ്പിപൊടി വ്യാപാരിയുടെ ഏകപുത്രിയായിരുന്നു അവർ. വജ്രാഭരണങ്ങളിൽ പൊതിഞ്ഞ അവരുടെ കല്യാണ ഫോട്ടോ ഇരുപ്പുമുറിയിൽ തൂക്കിയിരുന്നത് കാണിച്ചു ആ കഥകളൊക്കെ അവർ എന്നോട് പറയുമായിരുന്നു.

പരമസാധുവായ ഭർത്താവിന്റെ ശുദ്ധഗതിയിൽ വ്യപാരങ്ങളൊക്കെ തകരുകയും കാലക്രമേണ അവർ തീര്ത്തും നിർധനർ ആയി തീരുകയും ചെയ്തു.

മൂത്ത ഒരു മകൾ ചെന്നയിൽ ഭർത്താവിനൊപ്പം നല്ല നിലയിൽ കഴിഞ്ഞിരുന്നു. ഒരേ ഒരു മകനുള്ളതാകട്ടെ ഭാര്യയാൽ ഉപേക്ഷിക്കപെട്ടു ജീവിത നൈരാശ്യത്തിൽ മദ്യത്തിനടിമപെട്ടു ആ മാതാപിതാക്കള്ക്ക് ഒരു തീരാദുഖമായി അവരോടൊപ്പം കഴിഞ്ഞിരുന്നു.

മദ്യം വാങ്ങാൻ പണം തികയാതെ എച്ചിൽ കൂനകളിൽ നിന്നും പാട്ടയും കുപ്പിയും തപ്പി പെറുക്കുന്ന അയാളുടെ ചിത്രം എന്റെ മനസ്സില് ഇപ്പോഴും ഉണ്ട്.

മകൾ എല്ലാ മാസവും തുച്ഛമായ ഒരു തുക അവരുടെ ഭർത്താവറിയാതെ അയച്ചിരുന്നു. ചില മാസങ്ങളിൽ അത് എത്തിയിരുന്നില്ല.

ഈ സാധു സ്ത്രീ അറിയാവുന്ന വിദ്യ അടുത്തുള്ള കുട്ടികൾക്ക് പറഞ്ഞുകൊടുത്ത് പാട്ടുക്ലാസ്സുകൾ നടത്തി ജീവിതവൃത്തി നടത്തി പോന്നു - സുഖമില്ലാത്ത ഭർത്താവിന്റെ ചികിത്സക്കുള്ള പണവും.

അഞ്ചു കറിയും കൊഞ്ചും ഉണ്ടാക്കാനുള്ള സാമ്പത്തിക ഭദ്രതയില്ലാതിരുന്നതിനാൽ വളരെ ലളിതമായ ജീവിതമാണ് അവർ നയിച്ചിരുന്നത്. പുളിസാദം, തൈരുസാദം, പരിപ്പുസാദം, തക്കാളിസാദം, നാരങ്ങാസാദം എന്നിങ്ങനെയുള്ള സാദങ്ങൾ + ഊരുകായ് (അച്ചാർ) ഊണിനും, ഇഡലി ദോശ എന്നിങ്ങനെയുള്ളവ പ്രാതലിനും അത്താഴത്തിനും മറ്റും - ഇതായിരുന്നു അവരുടെ ആഹാര രീതി.

മേല്പറഞ്ഞ എല്ലാ സാദങ്ങളും ഞാൻ ആദ്യമായി അറിയുന്നതും രുചിക്കുന്നതും അവ ഉണ്ടാക്കുന്ന രീതികൾ പഠിക്കുന്നതും, പട്ടത്തി എന്ന് എന്റെ ഡാഡി പേരിട്ട, ആന്റിയിൽ നിന്നുമാണ്.

ഇത് അവരുടെ ഇഡ്ഡലി പൊടി

കടലപരിപ്പ്‌ - രണ്ടു പിടി
ഉഴുന്നുപരിപ്പ് - രണ്ടു പിടി
എള്ള് - 1 ടേബിൾ സ്പൂണ്‍
കുരുമുളക് - 1/2 ടി സ്പൂണ്‍ (10-12 എണ്ണം)
വറ്റൽ മുളക് - 6 ഓ 8 ഓ (പിരിയൻമുളക്/കാശ്മീരി മുളക് ആണെങ്കിൽ പൊടിക്ക് നിറം കൂടും)
കറിവേപ്പില - ഒരു കതിർ
മൂപ്പിച്ചു പൊടിച്ച കായം - 3/4 ടി സ്പൂണ്‍
ശര്ക്കര - ഒരു ചെറിയ കഷണം - ഒരു സ്വാദു ക്രമീകരണത്തിന്
ഉപ്പു ആവശ്യത്തിനു

ചീനച്ചട്ടിയിൽ ആദ്യം കടലപരിപ്പ്‌ മൂപ്പിക്കാൻ ഇടുക, മൂത്ത് വരുമ്പോൾ അതിലേക്കു ഉഴുന്ന് പരിപ്പ് കുരുമുളക് എന്നിവ ചേര്ക്കാം. ഉഴുന്ന് ചുവക്കുമ്പോൾ വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക. തീ അണച്ച് കായപൊടി കൂടി ചേർത്ത് ഇളക്കി തണുപ്പിക്കുക.

ഇനി ഇത് മിക്സിയിൽ ശര്ക്കര കൂടി ചേർത്ത് തരുതരുപ്പായി പൊടിച്ചെടുത് ആവശ്യത്തിനു ഉപ്പും ചേർത്ത് ഇളക്കി കുപ്പിഭരണിയിൽ സംഭരിച്ചു സൂക്ഷിക്കാം.

ആവശ്യാനുസരണം പൊടി എടുത്തു അതിൽ വെളിച്ചെണ്ണ ചാലിച്ച് ദോശക്കോ ഇഡ്ഡലിക്കോ ഒപ്പം കഴിക്കൂ 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم