Chicken Kondattam

ചിക്കൻ കൊണ്ടാട്ടം
*******************************
പണ്ട് ,പണ്ടെന്നു വച്ചാ ഒരു പത്തു കൊല്ലം മുന്പ് , നാഗമാണിക്യം ,വെള്ളിമൂങ്ങ ,ഗജമുത്ത് ,നക്ഷത്ര ആമ ,റൈസ് പുള്ളർ എന്നീ സംഭവങ്ങൾ അന്വേഷിച്ചു കാട്ടിലും മേട്ടിലും അലഞ്ഞു നടന്നിരുന്ന വിവരമില്ലായ്മയുടെ കാലം ,രണ്ടു കാറുകളിലായാണ് സംഘം ചെയ്യുന്നത് , ഒരു കാറിൽ ഞങ്ങൾ എട്ട് പേര് , പുറകിലത്തെ കാറിൽ ഡ്രൈവർ മാത്രം , കാട്ടിൽ കൊള്ളക്കാരോ ആദിവാസികളോ എതിർ സംഘമോ പോലീസോ വനം വകുപ്പോ ആക്ക്രമിക്കാൻ വന്നാൽ ചിലപ്പോ കാർ ഉപേക്ഷിച്ചു ഓടേണ്ടി വരും , അങ്ങനെ ഓടി കയറാൻ ആണ് ഏകദേശം 100 മീറ്റർ അകലെ മറ്റൊരു കാർ സജ്ജമായി നിർത്തുന്നത് , ആ ത്രില്ലിംഗ് കഥകൾ പറഞ്ഞാൽ ഇവിടെ ഒന്നും തീരില്ല,അതവിടെ നിൽക്കട്ടെ .
അങ്ങനെ ഒരിക്കൽ ഓടേണ്ടി വന്നപ്പോൾ മറ്റേ കാറിൽ എനിക്കും മറ്റൊരാൾക്കും മാത്രമേ കയറാൻ സാധിച്ചുള്ളൂ ,മറ്റുള്ളവർ വഴി തെറ്റി ഓടി , സ്ഥലം ഗൂടല്ലൂരിനടുത്ത് ഒരു കൊടും കാട്, ഒന്നും നോക്കീലാ നൂറെ നൂറ്റിപ്പത്തേൽ കാറ് പാഞ്ഞു പാതി രാത്രി ആയപ്പോൾ സേലത്തിനടുത്ത് ഒരു ഗ്രാമത്തിൽ എത്തി , അവിടെ ഞങ്ങൾക്ക് വേണ്ടി ഒരുക്കിയിരുന്ന താമസ സ്ഥലത്തെ അണ്ണാച്ചിയുടെ മൂത്ത സഹോദരിയാണ് ഈ കൊണ്ടാട്ട പ്രസ്ഥാനത്തിന്റെ ഉപഗ്ഞാതാവ് ..!! രണ്ടു ദിവസമായി വല്ലതും കഴിച്ചിട്ട് എന്നറിഞ്ഞപ്പോൾ കൈ കഴുകി വരാൻ പറഞ്ഞു അവർ , ഞങ്ങൾ അടുക്കളയില കയറിയപ്പോൾ ഇരിക്കാൻ പുൽപ്പായ വിരിച്ചു , ചിക്കൻ ഉണ്ടെന്നു ആ അണ്ണാച്ചി നേരത്തെ പറഞ്ഞിരുന്നു ,ഒരുപാട് പ്രതീക്ഷയോടെ ആക്ക്രാന്തം മൂത്തിരുന്ന ഞങ്ങളുടെ മുന്നിലേക്ക് അവർ ഒരു പാത്രത്തിൽ തണുത്ത പച്ചരി സാദവും അപ്പളവും വച്ച് നീട്ടി , "ചിക്കനെവിടെ" എന്ന് എന്റെ കണ്ണുകൾ ആ അമ്മച്ചിയോട്‌ ചോദിച്ചു ,അപ്പോൾ അതാ വരുന്നുനമ്മുടെ താരം , നല്ല ചൂട് ചിക്കൻ ,ഒരു ഡ്രൈ ഐറ്റം ആണെന്ന് മനസ്സിലായി ,പക്ഷെ എന്താണെന്ന് പിടി കിട്ടീല , ഞാൻ ആർത്തിയോടെ ഒരു പീസെടുത്ത്‌ കടിച്ചു ,ഞാൻ ഞെട്ടി ..മറ്റവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഇഞ്ചി കടിച്ച കൊരങ്ങനെ പോലെ അവൻ എന്നെ നോക്കുന്നു , ആദ്യമായാ ഇങ്ങനത്തെ ഒരു ചിക്കൻ തിന്നുന്നത് ,കൊണ്ടാട്ട മുളക് കടിച്ച പോലെ ഒരു ഇഫെക്റ്റ് .പക്ഷെ സംഭവം കൊള്ളാം ..വിശപ്പും കൂടി ഉള്ളത് കൊണ്ട് ഒന്നും നോക്കീല ,ഞാൻ വച്ചലക്കി , ഉണ്ടെണീറ്റ് കൈകഴുകി വന്ന് ഞാൻ ആ അണ്ണാച്ചിയോട് ചോദിച്ചു ,ഇതെന്താ സംഭവം എന്ന് ,അപ്പോഴാണ് അയാൾ പറഞ്ഞത് ...ഇതാണ് "ചിക്കൻ കൊണ്ടാട്ടം" എന്ന് ..!!! അന്നാണ് ഞാൻ ആദ്യമായി ആ പേര് കേൾക്കുന്നതെങ്കിലും പിന്നീട് മനസിലായി ഇത് പല ഹോട്ടലുകളിലും കിട്ടാറുള്ള ഐറ്റം ആണെന്ന് , ഹോട്ടലിൽ സോസുകളും മറ്റും ചേർക്കും എന്ന് മാത്രം.പിറ്റേന്ന് രാവിലെ അണ്ണാച്ചിയുടെ കയ്യിൽ അയ്യായിരം രൂപയുടെ ഒരു പൊതി വച്ച് കൊടുത്തിട്ട് ഒരു "നണ്ട്രി" പറഞ്ഞു ഞാൻ ഇറങ്ങി ,ഞങ്ങൾക്ക് അഭയം തന്നതിനു മാത്രമല്ല ,പുതിയ രുചി അനുഭവിപ്പിച്ചതിനും കൂടി.
ഒന്നും നോക്കാനില്ല കിടിലം ഐറ്റമാ ...വേഗം ട്രൈ ചെയ്തോ.. .
*****************************************8
വേണ്ട സാധനങ്ങൾ --
---------------------------------
കോഴി -- ചെറിയ കഷ്ണങ്ങളാക്കി മുറിച്ചത്
കൊണ്ടാട്ട മുളക് (തൈര് മുളക് ) - തണ്ട് മാറ്റി ക്രഷ് ചെയ്തത്
ചെറിയുള്ളി - ചതച്ചത്
പച്ചമുളക് ,ഇഞ്ചി ,വെളുത്തുള്ളി - ചതച്ചത്
തേങ്ങ ചിരകിയത്
അരിപ്പൊടി
വറ്റല് മുളക് - തണ്ട് മാറ്റി ക്രഷ് ചെയ്തത്
പൊടികൾ - മഞ്ഞൾ ,മുളക് ,മല്ലി ,ഉപ്പ് ,കുരുമുളക് ,ഗരം
മസാല
വിനാഗിരി അല്ലെങ്കിൽ നാരങ്ങാ നീര്
പുദീനയില - ഉണക്കി പൊടിച്ചത്
മല്ലിയില
കറി വേപ്പില
എണ്ണ - വെളിച്ചെണ്ണ ഒഴികേ ഏതെങ്കിലും ആകാം
ജീരകം
-----------------------------

തയ്യാറാക്കുന്ന വിധം --
---------------------------------
ആദ്യം കോഴി കഷ്ണങ്ങളിൽ ടൂത്ത് പിക്ക് കൊണ്ട് നല്ല കുത്ത് വച്ച് കൊടുക്കുക ,(ചെറിയ സുഷിരങ്ങളിലൂടെ കൊണ്ടാട്ട മുളകിന്റെ എസെന്സ് ഇറങ്ങി ചെല്ലാൻ വേണ്ടിയാണു ഇത്), ഇനി ക്രഷ് ചെയ്തു വച്ചിരിക്കുന്ന കൊണ്ടാട്ട മുളകിൽ കുറച്ചും , മഞ്ഞപ്പൊടിയും ,ഉപ്പും , മുളക് പൊടിയും ,അരിപ്പൊടിയും(അരക്കിലോ ചിക്കന് 5-6 സ്പൂണ്‍) ആവിശ്യത്തിന് ചേർത്ത് ഒരൽപം വെള്ളവും ചേർത്ത്(കോഴിയിൽ വെള്ളമയം ഉണ്ടെങ്കിൽ വേണ്ട) നന്നായി ഇളക്കി കുഴച്ചു ഒരു രണ്ടു മണിക്കൂർ വയ്ക്കാം.അതിനു ശേഷം എണ്ണയിൽ മുക്കി പൊരിച്ചു മാറ്റി വയ്ക്കാം ,എണ്ണയിൽ ബാക്കി വരുന്ന പൊടിയും എടുത്തു വയ്ക്കണം .
ഇനി മറ്റൊരു പാനിൽ ചെറു ചൂടിൽ എണ്ണയില്ലാതെ തേങ്ങയും വറ്റല് മുളകും ചേർത്തു ഒന്ന് മൂപ്പിച്ചു മാറ്റി വയ്ക്കാം ,ഒരു ഇരുപതു സെക്കണ്ട് മൂപ്പിച്ചാൽ മതി ,അധികം ബ്രൌണ്‍ ആകരുത് . ഇനി ഇതിൽ നിന്നും പകുതി എടുത്തു വിനാഗിരി ഉഴിച്ചു നല്ല പേസ്റ്റ് പരുവത്തിൽ അരച്ചെടുത്ത് വയ്ക്കുക.
ഇനി പാനിൽ എണ്ണ ഉഴിച്ചു ജീരകം പൊട്ടിച്ചു ഉള്ളി ചതച്ചത് ചേർത്ത് നന്നായി വഴറ്റണം , വഴണ്ട് വരുമ്പോൾ
പച്ചമുളക് ,ഇഞ്ചി ,വെളുത്തുള്ളി എന്നിവ ചതച്ചത് ചേർത്ത് നന്നായി മൂപ്പിക്കുക , മൂത്ത് കഴിഞ്ഞു പൊടികൾ ചേർത്തു നന്നായി വഴറ്റിയതിനു ശേഷം വിനാഗിരി ഉഴിച്ച പേസ്റ്റ് ചേർത്തു ഒന്നുകൂടെ വഴറ്റുക ,ഇനി തേങ്ങയും വറ്റല് മുളക് മൂപ്പിച്ചതും കറിവേപ്പിലയും ചേർത്തു ഹൈ ഫ്ലെയിമിൽ സർവ്വ ശക്തിയും ഉപയോഗിച്ച് വഴറ്റണം ,വിനാഗിരി വറ്റി വരുമ്പോൾ ചിക്കൻ ചേർത്തു കൊടുക്കുക ,ഒപ്പം പുദീനയും കൊണ്ടാട്ട മുളകിന്റെ ബാക്കിയും ചേർക്കുക ...ചിക്കനും മസാലയും കൂടി നന്നായി യോജിച്ചു വരുമ്പോൾ അരക്കപ്പ് വെള്ളം ഉഴിച്ചു ഒന്ന് കൂടി ഇളക്കി ചെറുതീയിൽ ഒരഞ്ചു മിനിട്ട് വയ്ക്കാം , ഇനി മല്ലിയില തൂകി സെർവ് ചെയ്യാം ...
*
*
ഉപ്പ് ചേർക്കുമ്പോൾ ശ്രദ്ധിക്കുക ,കൊണ്ടാട്ട മുളകിലും മറ്റും ഉപ്പ് ഉണ്ട്.ഗ്രേവി ടൈപ്പ് വേണ്ടവർക്ക് തക്കാളി സൊസോ പേസ്റ്റൊ ചേർക്കാം.ചോറും പുളിശ്ശേരിയും കൂട്ടിയാണ് ഞാൻ ഇത് കഴിക്കാറ് , എന്റെ വക ചില പുതിയ പരീക്ഷണങ്ങളും ചേർത്തതാണ് ഈ റെസിപ്പി. 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم