അവിയൽ 
By: Sherin Mathew

മൂന്നു തരം അവിയൽ കൊടുക്കുന്നു - വെയ് രാജാ വെയ് - ഏതെടുത്താലും ജാക്പോട്ട് 

കാ, ചേന, ചേമ്പ്, ഉരുളകിഴങ്ങ്, പടവലം, വെള്ളരി, അമരപയർ
കത്രിക്ക, മുരിങ്ങക്ക,
(കാരറ്റ് വേണമെങ്കിൽ ഇടൂ - ചീര തണ്ടും പച്ചമാങ്ങയും ചേർക്കാം)
ഇതെല്ലം ഒരേ നീളത്തിൽ അരിഞ്ഞു എടുക്കുക - ഏകദേശം ഒരു ചെറിയ സ്റ്റീൽ ചരുവം നിറയെ ഇരിക്കട്ടെ

ഇനി ഒരു കുഴിഞ്ഞ പാത്രത്തിൽ ചേന, ചേമ്പ് ഉരുളകിഴങ്ങ് കാരറ്റ് അമരപയർ വെള്ളരി എന്നിവ ഇട്ടു താഴെ പറയുന്നവ ചേർക്കുക.
3 പച്ചമുളക് കീറിയത്, 1
ചെറിയ സവാള അരിഞ്ഞത്,
1 കതിർ കറിവേപ്പില
മഞ്ഞള്പൊടി - 1/4 ടി സ്പൂണ്‍
മുളക്പൊടി - 1/4 ടി സ്പൂണ്‍
വെള്ളം - 2 ടി കപ്പ്‌ (അല്ലെങ്കിൽ കഷണങ്ങൾക്ക് താഴെ കാൽ ഭാഗമോ അതിലും താഴെയോ)
ഉപ്പു ആവശ്യത്തിനു

ഇനി പാത്രം അടുപത്ത് വച്ച് ഇത് വേവിക്കുക - വെള്ളം ഇരച്ചു തുടങ്ങിയാൽ (തിളച്ചു തുടങ്ങിയാൽ) പാത്രം എടുത്തു താഴ്ഭാഗം കഷണങ്ങൾ മേലെ വരുന്ന പോലെ കുലുക്കുക. തീ കുറച്ചു വീണ്ടും അടച്ചു വച്ച് വേവിക്കുക. ഇടയ്ക്കു വീണ്ടും കുലുക്കി താഴ്വശത്തെ കഷണങ്ങൾ മേലെ കൊണ്ട് വരിക.

കഷണങ്ങൾ മുക്കാലും വെന്തു കഴിഞ്ഞാൽ അതിലേക്കു കത്രിക്ക മുരിങ്ങക്ക, (ചീര തണ്ട്, മാങ്ങാ ചേർക്കുന്നെങ്കിൽ അതും - ചിലർ തക്കാളി ചേർക്കും - നല്ലതാണ്, പക്ഷെ നാടൻ അവിയലിൽ പതിവില്ല).

മാങ്ങാ ഇടാത്തവർ പുളി പൊഴിഞ്ഞത് ചേർക്കുക (രണ്ടു നുള്ള് പുളി അല്പം വെള്ളത്തിൽ ഇട്ടു കുതിർത്തു പിഴിഞ്ഞെടുത്ത ചാറു)

മുരിങ്ങക്ക വെന്തു വരുമ്പോൾ അരപ്പ് ചേർക്കാം

തേങ്ങ - 1/2 മുറി
പച്ചമുളക് - 1
ജീരകം - 1/4 ടി സ്പൂണ്‍
വെളുത്തുള്ളി - 5 അല്ലി
കൊച്ചുള്ളി - 4 എണ്ണം
മഞ്ഞൾ - 1/4 ടി സ്പൂണ്‍
കറിവേപ്പില - 2 തണ്ട്
ജീരകവും വെളുത്തുള്ളിയും പച്ചമുളകും കൊച്ചുള്ളിയും ചട്ണി ജാറിൽ ഒന്ന് കറക്കി എടുക്കുക - അതിലേക്കു തേങ്ങയും മഞ്ഞളും കറിവേപ്പിലയും ചേർത്ത് ഒന്നൂടെ കറക്കുക

ഇനി കഷണങ്ങളുടെ നടുവിൽ ഒരു കുഴി ഉണ്ടാക്കി അരപ്പ് ചേർത്ത് കഷണങ്ങൾ കൊണ്ട് മൂടി ആവി കയറ്റുക.

കയില് കൊണ്ട് അരപ്പ് നന്നായി ഇളക്കു യോജിപ്പിച്ച് (അവിയൽ എന്ന് പറഞ്ഞാൽ തന്നെ കുഴഞ്ഞു ഇരിക്കണമല്ലോ - പക്ഷെ കഷണങ്ങൾ വെന്തു ഉടയാതെ ഉണ്ടാക്കുന്ന അവിയലാണ് ലക്ഷണമൊത്ത അവിയൽ - സദ്യക്ക് വിളമ്പുന്ന അവിയൽ ഓർക്കുക).

തീ അണക്കാം.

രണ്ടു മൂന്നു കൊച്ചുള്ളിയും കറിവേപ്പിലയും ചതച്ചത്തിന്റെ കൂടെ 1 ടേബിൾ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി അത് അവിയലിന് മേലെ ഇടുക.

വിളമ്പുന്നതിനു മുന്നേ നന്നായി ഇളക്കു യോജിപ്പിച്ച് വിളമ്പുക.

2. രണ്ടാമത്തെ രീതി
പിഴുപുളി ചേര്ക്കാതെ അരപ്പ് ചേർത്ത് അവിയൽ വെന്തു വാങ്ങി, അതിലേക്കു ഉള്ളിയും കറിവേപ്പിലയും എണ്ണയും ചേർക്കുക.

അവിയൽ തണുത്തു വരുമ്പോൾ 4 ടേബിൾ സ്പൂണ്‍ തൈര് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക .

ഇത് തിരോന്തോരത്തിന്റെ സ്വന്തം

3. താളിച്ച അവിയൽ
പുളിപ്പിനു പുളി പിഴിഞ്ഞത് ചേർത്ത് പിന്നീട് അരപ്പ് ചേർത്ത് ഇളക്കി അവിയൽ തീയിൽ നിന്നും ഇറക്കുക.

തൈര് ചേർക്കുന്നവർ അങ്ങിനെ ചെയ്യുക.

ഉള്ളിയും കറിവേപ്പിലയും എണ്ണയും വേണ്ട - പകരം ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുകും കൊച്ചുള്ളിയും വറ്റൽ മുളകും കറിവേപ്പിലയും മൂപ്പിച്ചു അവിയൽ താളിക്കുക. താളിച്ച അവിയൽ.

(ആറ്റിങ്ങൽക്കാർക്ക് ഈ അവിയൽ സുപരിചിതമായിരിക്കും)

ബാക്കിയുള്ള എല്ലാ റ്റെക്നിക്കാലിട്ടീസും നിങ്ങൾ പറഞ്ഞോളൂ.

പിന്നാമ്പുറം

എൻറെ ബെസ്റ്റ് ഫ്രണ്ട് ഷൈനി പെണ്ണ് ഇയ്യിടെ ആയി അങ്ങ് ബല്യ കുക്കെറാ!! കഴിഞ്ഞ ദിവസം അവള്ടെ വീട്ടിൽ ചെന്നപ്പോൾ അവിടെ അവിയലും മെഴുക്കും തോരനും എന്ന് വേണ്ട ഒരു ബഹളം തന്നെ

"അവിയല് വേണോഡീ" എന്ന് ചോദിച്ചപ്പോ ഒരു പുഞ്ഞതിലായിരുന്ന ഞാൻ എങ്ങിനെ വേണ്ട എന്ന് പറയും എന്ന് കരുതി "വേണ്ടണം" എന്ന് തലയാട്ടി - അത് കാണുന്ന ആൾ മനസ്സിലാക്കുന്ന പോലെ ഇരിക്കും
ഭാഗ്യത്തിനോ നിർഭാഗ്യത്തിനോ അവൾക്കു മനസ്സിലായത് വേണം എന്നാ

പക്ഷെ കറി കൂട്ടിയ ഞാൻ തകർന്നു പോയി - പണി പാളി എന്ന് മനസ്സിലായി - നല്ല അസ്സല് അവിയല് - അവളെ കുറിച്ചുള്ള എൻറെ എല്ലാ അബദ്ധധാരണകളും അതോടെ മാറി - പെണ്ണ് വെറും പുലിയല്ല ഒരു സിംഹം!

അതൊക്കെ നിക്കട്ടെ

പണ്ട് ഞങ്ങൾ കോട്ടയം നാഗമ്പടം റയിൽവെ സ്റെഷന് സമീപം മീനച്ചിലാറിന്റെ കരയിൽ ഒരു വീട്ടില് വാടകയ്ക്ക് താമസിച്ചിരുന്നു.
എനിക്ക് 4 വയസ്സും അനിയൻ റിച്ചിന് 2.5 വയസ്സും പ്രായം. ഒരു വര്ഷം കഴിഞ്ഞു എന്നെ ഇടുക്കിയിൽ എൻറെ അമ്മച്ചിയുടെ അടുത്തേക്ക് പാർസൽ ചെയ്തു.

ശോശാമ്മച്ചിയുടെതാണ് ആ വീട് - ഭർത്താവും മരിച്ചു, മക്കളും ഇല്ല.
അക്കാലത്ത് കോട്ടയം മാർക്കറ്റ്‌ റോഡിൽ എന്റെ ഡാഡിക്ക് ഒരു കട ഉണ്ടായിരുന്നു. ഡാഡിക്ക് കടയിൽ പോകാനും എനിക്ക് സ്കൂളിൽ പോകാനുമുള്ള സൗകര്യത്തിനു ടൌണിൽ ഒരു വീട് അന്വേഷിക്കവേ ആണ് ശോശാമ്മച്ചിയുടെ വീട്ടിലേക്കു ക്ഷണം കിട്ടിയത്. കുടുമ്പസുഹൃത്തുക്കളായതിനാൽ രണ്ടു കുട്ടികളുടെ ശല്യം സഹിക്കാൻ അമ്മച്ചി അങ്ങ് തീരുമാനിച്ചു.

ഒരു വലിയ പറമ്പും ഒരു വലിയ വീടും ഒറ്റയ്ക്ക് ഒരു അമ്മച്ചിയും - അടുത്ത് ഒരു കന്യാസ്ത്രീ മഠം, പിന്നെ ഒരു പ്രിന്റിംഗ് പ്രസ്‌, ഒരു തടി മില്ല്, പിന്നെ മീനച്ചിലാർ - മുടിഞ്ഞ ഓർമ്മയാ അല്ലെ?

അവിയൽ എന്ന നാമം കേക്കുമ്പോ വെള്ള മുണ്ടും ചട്ടയും ഇട്ടു (ചട്ടയിൽ ഒതുങ്ങാത്ത അമ്മിണി വയറും കാണിച്ചു) ജീരകം നന്നായി ചേർത്ത് തേങ്ങയും മഞ്ഞളുമൊക്കെ ചേർത്ത് നീട്ടി അരയ്ക്കുന്ന ശോശാമ്മച്ചിയെ ഓര്മ വരും.

പുട്ടും അവിയലും - അതാണ് അമ്മച്ചിയുടെ ഇഷ്ട ഭക്ഷണം
പറമ്പിലെ തെങ്ങേലെ തേങ്ങ മുഴുവൻ തിരുമ്മി പുട്ടിനു പീര ഇടും - ബാക്കി അവിയലിൽ അരയ്ക്കും.

ഒരു ഈർക്കിലി പോലും ആർക്കും കൊടുക്കില്ലെങ്കിലും അചാമ്മകുട്ടിയെ (എൻറെ മമ്മിയെ) വലിയ ഇഷ്ടമായിരുന്നു. സുന്ദരി പെണ്ണാ എന്നും പറഞ്ഞു എഴുന്നെള്ളിച്ചു പള്ളിയിലും മറ്റും കൊണ്ട് പോകും

പുട്ടും അവിയലും തിന്നു സുഗറിന്റെ കൂടാരമായിരുന്നു അമ്മച്ചി. രാത്രി കിടക്കുന്നതിനു മുന്നേ ഒരു വശം ചരിഞ്ഞു കട്ടിലിൽ കിടന്നു തന്നെ ഇൻസുലിൻ കുത്തും. പിന്നെ പിന്നെ "ഷെറീനേ" എന്ന് എന്നെ വിളിക്കാൻ തുടങ്ങി - അപ്പൊ ഞാൻ പമ്മി ചെന്ന് സൈറ്റിൽ നീഡിൽ വയ്ക്കാൻ സഹായിക്കും. പിന്നെ സിരിന്ജ് തള്ളി മരുന്ന് കയറ്റും.

പൂട്ട്‌ എന്നാണ് പുട്ടിനു പറയുന്നത് - റിച്ചിനെ ജീവനായിരുന്നു.
"പൂട്ടും അവിയലും തിന്നാൻ വരുന്നോടാ സായിപ്പേ" എന്ന് റിച്ചിനോട് ചോദിക്കും.

ഒരു മങ്ങിയ ഓർമ്മയേ ഉള്ളൂ എങ്കിലും അമ്മച്ചിയുടെ പിറകെ ചൂട്ടും മടലും തേങ്ങയും പെറുക്കി നടക്കുന്ന എന്റെയും റിച്ചിന്റെയും ചിത്രം ഇപ്പഴും മനസ്സിലുണ്ട്. ഇരുമ്പൻ പുളി പറിച്ചു കൊടുക്കുന്നതും.

പിന്നീട് ഞങ്ങൾ എല്ലാവരും ഇടുക്കിയിലേക്ക് പോയി.

പക്ഷെ അവിയൽ വെക്കുമ്പോൾ ഇപ്പഴും ശോശാമ്മച്ചിയെ ഓര്ക്കും - എൻറെ മമ്മിയും പറയും

മരിച്ചു കാണും - അന്ന് തന്നെ എഴുപതിനോടടുത്ത് പ്രായം ഉണ്ടായിരുന്നു 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم