ചക്കക്കൂഞ്ഞ്കൊണ്ട് കൂട്ടാൻ.
By : Siva Mannur
ചക്കയുടെ ചുളയും കുരുവും മാത്രമല്ല, കൂഞ്ഞിലും ചവിണിയും മടലും വരെ ഭക്ഷ്യയോഗ്യമാണെന്ന് നിങ്ങൾക്കറിയാമോ? ഇവ ഉപയോഗിച്ച് രസികൻ വിഭവങ്ങൾ പണ്ടുകാലത്ത് ഉണ്ടാക്കിയിരുന്നു. ചക്കച്ചുള പിഴുതെടുക്കാൻ വേണ്ടി നമ്മൾ കൂഞ്ഞിൽ ചെത്തിക്കളയാറുണ്ടല്ലൊ. ഈ കൂഞ്ഞിൽ കൊണ്ട് രുചികരമായ കൂട്ടാനും തോരനുമൊക്കെ ഉണ്ടാക്കാം.

ചക്കക്കൂഞ്ഞിലും വറുത്തരച്ച തേങ്ങയും കൊണ്ടുള്ള കൂട്ടാനിതാ:

ആവശ്യമുള്ള സാധനങ്ങൾ:

ചക്കക്കൂഞ്ഞ്- കൃത്യമായ അളവൊന്നുമില്ല. ഏതാണ്ട് കാൽ കിലോ എന്നു വയ്ക്കാം. (നല്ല പതുപതുപ്പുള്ള, സ്പോഞ്ച് പോലിരിക്കുന്ന കൂഞ്ഞിലായിരിക്കണം. എല്ലാ ചക്കയുടേയും കൂഞ്ഞ് അങ്ങനെയായിക്കൊള്ളണമെന്നില്ല)

ചക്കക്കുരു - 5-6 എണ്ണം.
ലേശം മുളകുപൊടി, മഞ്ഞൾപ്പൊടി
വറുത്തിടാനുള്ള കടുക്, മുളക്, കറിവേപ്പില.
ഉപ്പ്, പുളി - പാകത്തിന്.

അരപ്പിന്:

തേങ്ങ ചിരകിയത് - ഒരു മുറിയുടെ പകുതി
മുളക് - എരിവിന് അവശ്യമായത്ര.
ചുവന്നുള്ളി തൊലി കളഞ്ഞത് - 3-4 എണ്ണം.
മല്ലി/മല്ലിപ്പൊടി - 2 ടീസ്പൂൺ
കുറച്ച് കറിവേപ്പില.

ഉണ്ടാക്കുന്ന വിധം:
അരപ്പിനുള്ള ചേരുവകൾ നന്നായി വറുക്കുക. (മല്ലിക്കു പകരം മല്ലിപ്പൊടിയാണ് ചേർക്കുന്നതെങ്കിൽ മല്ലിപ്പൊടി അവസാനം ചേർത്താൽ മതി. അല്ലെങ്കിൽ കരിഞ്ഞുപോകും)

വറുത്ത ചേരുവകൾ നന്നായി അരച്ചെടുക്കുക.
ഇനി, കൂഞ്ഞ് കഴുകി വൃത്തിയാക്കി ചെറുതായി നുറുക്കുക.
തൊലി കളഞ്ഞ് നുറുക്കിയ ചക്കക്കുരുവും കൂഞ്ഞിലും കൂടി സ്വല്പം മഞ്ഞൾപ്പൊടിയും മുളകുപൊടിയും(അരപ്പിന് നല്ല എരിവുണ്ടെങ്കിൽ മുളകുപൊടി ചേർക്കണ്ട) ഉപ്പും വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. വേണമെങ്കിൽ കുക്കറിൽ വേവിക്കാം.
ഇതിലേക്ക് പാകത്തിന് പുളി പിഴിഞ്ഞത് ചേർത്ത് തിളച്ചാൽ, അരപ്പും പോരാത്ത വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. എല്ലാം കൂടി യോജിച്ച പരുവത്തിൽ വാങ്ങി വയ്ക്കുക.
വെളിച്ചെണ്ണയിൽ വറുത്ത കടുകും മുളകും കറിവേപ്പിലയും കൂടി ചേർത്താൽ സംഭവം റെഡി!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم