ഉള്ളിയും ഉണക്കമുളകും ചേർത്ത കക്കാ റോസ്സ്റ് എനിക്കൊതിരി ഇഷ്ടമാണ്.. വീട്ടിൽ ഞാനും അച്ഛനും മാത്രമേ കക്കാ കഴിക്കൂ.. അതുകൊണ്ടു എപ്പോ കക്കാ കഴിച്ചാലും ഞാൻ അച്ഛയെ ഓർക്കും..

By : Sherin Reji

അമ്മയും അനിയനും വല്യമ്മച്ചിയും കഴിക്കാത്തതുകൊണ്ടു ഞാനും അച്ഛയും കൂടിയാണ് എപ്പഴും കക്കാ വക്കുന്നത്..
ഞാൻ ഓരോ കക്കയും എടുത്തു വൃത്തിയാക്കി ഒക്കെ റെഡി ആക്കും.. പിന്നേ ഞാനും അച്ഛയും ചേർന്നാണ പാചകം.. വേവ് നോക്കലും ഉപ്പു നോക്കലും ഒക്കെ ആയി അടുക്കളയിൽ ഒരു മേളമാണ് പിന്നേ..

സത്യം പറഞ്ഞാൽ ഉണ്ടാക്കി ചൂടോടെ കഴിക്കുന്നതിനേക്കാൾ രുചി, 2 ദിവസം കഴിയുമ്പോഴേക്കും ചൂടാക്കി ചൂടാക്കി കക്കാ ഒക്കെ നല്ല മൊരു മൊരാ ന് ആയിട്ടുണ്ടാവും.. അപ്പൊ എന്താ ഒരു സ്വാദ്!!! കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ വെളിയിൽ നിന്ന് ഓർഡർ ചെയ്ത കക്കാ ഫ്രൈ കഴിച്ചു.. വീട്ടിൽ ഉണ്ടാക്കുന്ന അതെ ടേസ്റ്റ്...

കക്കാ - 500 gm (വൃത്തിയാക്കിയത്തിന് ശേഷം)
മുളകുപൊടി - 1/2 tea സ്പൂൺ
മഞ്ഞൾ പൊടി - 1/2 tea സ്പൂൺ
ഗരം മസാല - 1/2 tea സ്പൂൺ
ഉപ്പ്

എല്ലാം കൂടി കുറച്ചു വെള്ളം കൂടി ഒഴിച്ച് കക്കാ വേവിച്ചു വെള്ളം പറ്റിച്ചു എടുക്കുക. ഒരു flavour ന് വേവിക്കുമ്പോൾ ഒരു തണ്ടു കറിവേപ്പില കൂടി ചേർക്കാം.. ഇരിക്കട്ടെ..

സവാള - 2 കനത്തിൽ കൊത്തി അരിഞ്ഞത്
വെളുത്തുള്ളി ചതച്ചത് - 1 ടി സ്പൂൺ
ഇഞ്ചി അരച്ചത് - 1 ടി സ്പൂൺ
വറ്റൽ മുളക് - 1
കറിവേപ്പില

ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു സവാള വാടുമ്പോൾ വെളുത്തുള്ളി ചതച്ചതും ഇഞ്ചി അരച്ചതും വഴറ്റാം.. വറ്റൽ മുളക് പിച്ചി ഇടാം. കറിവേപ്പിലയും കയ്യിൽ വച്ച് ഒന്നു ഞെരടി ഇട്ടോളൂ.. മസാല പച്ച മണം മാറുമ്പോൾ പൊടികൾ ഇട്ടു തുടങ്ങാം..

മുളകുപൊടി - 2 ടീ സ്പൂൺ
മല്ലി പൊടി - 1 ടീ സ്പൂൺ
കുരുമുളക് പൊടി - 1 ടീ സ്പൂൺ
ഗരം മസാല പൊടി - 1 ടീ സ്‌പൂൺ
പെരും ജീരകം പൊടിച്ചത് - 1/2 ടീ സ്പൂൺ
മഞ്ഞൾ പൊടി - 1/4 ടീ സ്പൂൺ

തീ ഏറ്റവും കുറച്ചു ഈ പൊടി വർഗ്ഗങ്ങൾ ഓരോന്നായി ചേർക്കാം.. നന്നായി വഴറ്റുക.. ഇപ്പോ കുറച്ചു ഉപ്പു ചേർക്കാം.. കക്കാ ഉപ്പു ചേർത്താണ് വേവിച്ചത്, അപ്പൊ അതിനു പാകത്തിന് മസാലയിൽ ചേർത്താൽ മതി. എണ്ണ തെളിയുന്നത് വരെ വഴറ്റുക.

എണ്ണ തെളിഞ്ഞാൽ വേവിച്ച കക്കാ ചേർത്ത് ഇളക്കി യോജിപ്പിക്കാം.. തീ കൂട്ടി നന്നായി ഒന്ന് 10 സെക്കന്റ് ഇളക്കിയ ശേഷം തീ കുറച്ചു അവിടെ ഇട്ടേരെ.. ഇനി അടുക്കളയിൽ അല്ലറ ചില്ലറ പണി ഒക്കെ ഒതുക്കിക്കോ.. ഇടയ്ക്കിടയ്ക്ക് വന്നു തീ കൂട്ടി നന്നായി ഇളക്കി വീണ്ടും തീ കുറച്ചു പൊയ്ക്കോ..

നന്നായി മൊരിഞ്ഞു കഴിയുമ്പോൾ ഓരോ കക്കാ കുഞ്ഞുങ്ങൾ ചീനച്ചട്ടിയിൽ നിന്നും മത്താപ്പൂ പോലെ മുകളിലേക്കു പോകുന്നേ കാണാം.. ഓടി പോയി തീ ഓഫ് ചെയ്തോ.. സംഭവം റെഡി ആയി..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم