മല്ലി- ഔഷധരാജാവ്‌
By : Fathima Anvr
അടുക്കളയിലെ ഔഷധരാജാവാണ്‌ കൊത്തമല്ലി. മല്ലിയുടെ കായും ഇലയും ധാരാളമായി ഉപയോഗിക്കുന്നു. മല്ലിയിലയെ 'മല്ലിച്ചപ്പ്‌' എന്ന്‌ വിശേഷിപ്പിച്ച്‌ ഉപയോഗിക്കുന്നു.
കൊത്തമല്ലി അടങ്ങിയ ആയുര്‍വേദ ഔഷധക്കൂട്ടുകളുടെ നീണ്ട നിര കാണുമ്പോഴാണ്‌ ഈ ഔഷധരാജാവ്‌ നിത്യവും നമ്മുടെ ആഹാരത്തില്‍ എത്തിച്ചേരുന്നതിന്റെ ഔന്നിത്യം മനസിലാക്കാനാവുക.
ദഹനവ്യവസ്‌ഥയെ ബാധിക്കുന്ന എല്ലാരോഗങ്ങളിലും മല്ലിയിലയോ കായോ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്‌.
ഇലകള്‍ക്ക്‌ രക്‌തധമനികളെ സങ്കോചിപ്പിക്കുന്ന സ്വഭാവമുള്ളതിനാല്‍ രക്‌തം തുപ്പുക, അര്‍ശസ്‌ മൂലമുള്ള രക്‌തം പോകല്‍ എന്നീ രോഗാവസ്‌ഥകള്‍ക്ക്‌ പെട്ടെന്ന്‌ ഫലം ലഭിക്കും.
ഒന്നോ രണ്ടോ മല്ലിയില കടിച്ചു തിന്നുന്നത്‌ വായ്‌നാറ്റം ഇല്ലാതാക്കുന്നതിന്‌ നല്ലതാണ്‌.
മല്ലിയിലയും തുളസിയിലയും ചേര്‍ത്ത്‌ തിളപ്പിച്ച ചെറു ചൂടുവെള്ളം കൊണ്ട്‌ കവിള്‍കൊള്ളുന്നത്‌ തൊണ്ടവീക്കവും വേദനയും മാറിക്കിട്ടാന്‍ നല്ലതാണ്‌.
ചെറിയ കുട്ടികള്‍ക്കുണ്ടാകുന്ന ഇക്കിള്‍ മാറിക്കിട്ടാന്‍ മല്ലിയില വാസനിപ്പിക്കുന്നത്‌ നല്ലതാണ്‌.
ചേര്‍ക്കുരുവിന്റെ അലര്‍ജിമൂലം വീക്കം വന്നാല്‍ മല്ലിയില അരച്ച്‌ പുരട്ടിയാല്‍ മാറിക്കിട്ടും. നിത്യവും നാം ഉപയോഗിക്കുന്ന ആഹാരത്തിലെ ചെറുഭക്ഷ്യവിഷബാധകള്‍ ഇല്ലാതാക്കുന്നത്‌ ആഹാരത്തിലടങ്ങിയ മല്ലിയാണ്‌.
കൊത്തമല്ലി നന്നായി വൃത്തിയാക്കി ചതച്ച്‌ ശീലയില്‍ ചെറിയ കിഴികെട്ടി മുലപ്പാലില്‍ വച്ചശേഷം അല്‌പം കഴിഞ്ഞ്‌ കണ്ണില്‍ പിഴിഞ്ഞൊഴിച്ചാല്‍ ചെങ്കണ്ണ്‌, കണ്ണുവേദന തുടങ്ങിയ കണ്ണിനെ ബാധിക്കുന്ന ചെറുതായ അസ്വസ്‌ഥതകള്‍ മാറിക്കിട്ടും.
മല്ലിക്കഞ്ഞി
അല്‍പം കൊത്തമ്പാല കുരുമുളകും ജീരകവും അരച്ച്‌ അരിയും ചേര്‍ത്ത്‌ കഞ്ഞി തയാറാക്കിയതില്‍ ചെറിയ ഉള്ളി അരിഞ്ഞത്‌ നെയ്യില്‍ മൂപ്പിച്ചെടുത്ത്‌ വറുത്തിട്ടതില്‍ പാകത്തിന്‌ ഉപ്പും ചേര്‍ത്ത്‌ ഉപയോഗിക്കുന്നു. കൊത്തമ്പാലക്കഞ്ഞി പതിവായി കൊടുത്താല്‍ കുട്ടികള്‍ക്കുണ്ടാകുന്ന ഗ്രഹണി, വിരശല്യം, വിശപ്പില്ലായ്‌മ എന്നിവ മാറിക്കിട്ടും. എന്തുകഴിച്ചാലും ദേഹത്ത്‌ പിടിക്കുന്നില്ല എന്ന പരാതിയും മാറിക്കിട്ടും. ചുക്കുവെള്ളത്തില്‍ അല്‍പം കൊത്തമ്പാല അരിയിട്ട്‌ തയാറാക്കിയാല്‍ ദാഹവും ക്ഷീണവും മാറിക്കിട്ടും.
കറികളില്‍ ചേര്‍ക്കുന്ന മസാലക്കൂട്ടുകളില്‍ പ്രധാനി മല്ലിയാണ്‌. മല്ലി അരച്ചു വയ്‌ക്കുന്ന സാമ്പാര്‍കൂട്ടി ഊണ്‌ കഴിക്കുന്നത്‌ ആലോചിച്ചാല്‍ തന്നെ മലയാളിയുടെ വയര്‍നിറയും. തീന്‍ മേശയില്‍ നിന്ന്‌ ഒരിക്കലും മാറ്റിനിര്‍ത്താന്‍ കഴിയാത്ത കറിക്കൂട്ടാണ്‌ മല്ലി. മല്ലി, ചുക്ക്‌, ജീരകം ഇവ പൊടിച്ചിട്ട്‌ ശര്‍ക്കരയും ചേര്‍ത്ത്‌ തയാറാക്കുന്ന മല്ലിക്കാപ്പി കുടിച്ചാല്‍ ജലദോഷം, ദഹനക്കേട്‌, ശ്വാസം മുട്ടല്‍, അരുചി, മലബന്ധം എന്നിവ മാറിക്കിട്ടും.
കടപ്പാട്‌:
ഡോ. പി. കൃഷ്‌ണദാസ്‌
ചീഫ്‌ ഫിസിഷന്‍, 
അമൃതം ആയുര്‍വേദ ഹോസ്‌പിറ്റല്‍ ആന്‍ഡ്‌ റിസര്‍ച്ച്‌സെന്റര്‍, പെരിന്തല്‍മണ്ണ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم