പൊതിച്ചോറ്- വാട്ടിയ വാഴയിലയിൽ
By : Sherin Reji
 കാച്ചിയ മോരോഴിച്ച ചോറും, ചുട്ട് രച്ച തേങ്ങാ ചമ്മന്തിയും നാടൻ കൂൺ തോരനും പിന്നെ ആർഭാടമായീ നത്തോലി പൊരിച്ചതും, ബീഫ് ഇടിച്ചു വറുത്തതും..


അഞ്ചാറു നത്തോലി ഉപ്പും മുളകുപൊടിയും, കുരുമുളകും ചേർത്ത് വറുത്ത് വച്ചു..
നാടൻ കൂൺ അടർത്തിയെടുത്തു ഉപ്പും മഞ്ഞൾപൊടിയുമിട്ടു വേവിച്ചു.. തേങ്ങാ ചിരവിയത് രണ്ടു പച്ച മുളകും കൊച്ചുള്ളിയും കറി വേപ്പിലയും ചേർത്ത് അരകല്ലിൽ ഒതുക്കിയെടുത്തു.. കീറിയ കൊച്ചുള്ളിയും കൂണും ഉപ്പും ചേർത്ത് എല്ലാം കൂടി തട്ടി പൊത്തി വച്ച് വേവിച്ചു ഇളക്കി തോർത്തി എടുത്തു..

ഞാലി പൂവൻ വാഴയുടെ ഇല വെട്ടി അടുപ്പിലെ കനലിൽ പിടിച്ചു വാട്ടി എടുത്തു... മുറത്തിലേക്ക് ഇല നിവർത്തിയിട്ടു നടുക്ക് ആവി പറക്കുന്ന ചൂട് ചോറിട്ടു.. ഒരു സൈഡിൽ നത്തോലി വറുത്തതും, കൂൺ തോരനും, അവിയലും, തേങ്ങാ ചമ്മന്തിയും, ബീഫ് ഇടിച്ചു വറുത്തതും വച്ച് ചോറിനു നടുവിൽ ഒരു കുഴിയുണ്ടാക്കി ഇളവൻ വഴറ്റി കാച്ചിയ മോരുമൊഴിച്ചു ഇലയുടെ നാല് വശവും നടുവിലേക്ക് മടക്കി ചോറ് നന്നായി അമർത്തി വാഴ നാരു കൊണ്ട് കെട്ടി വെച്ചു...

ഉച്ചക്ക് പൊരിഞ്ഞ വിശപ്പോടെ പൊതിച്ചോറ് തുറക്കുമ്പോഴത്തെ ആ വാട്ടിയ വാഴയിലയുടെയും കറികളുടെയും മണം... ഓ.. ഓർക്കാനേ വയ്യ...

വാട്ടിയ വാഴയിലയില്‍
അമ്മ പൊതിഞ്ഞെടുത്ത സ്നേഹമാന് മിക്കവർക്കും പൊതിച്ചോറ്... പണ്ട് ഇലപ്പൊതി കൊണ്ടാവാൻ മനഃപൂർവം ടിഫിൻ ബോക്സ് ഇടയ്ക്കിടയ്ക്കു സ്കൂളിൽ മറന്നു വയ്ക്കാറുണ്ടായിരുന്നു ... വീട്ടിൽ എപ്പോ പോയാലും ഞാൻ പൊതിച്ചോറ് ഉണ്ടാക്കും.. അല്ലെങ്കിലും പൊതിച്ചോറ് ഇഷ്ടമല്ലാത്ത മലയാളികളുണ്ടോ... ??? അപ്പൊ വേഗം പോയൊരു ഇല വെട്ടി അടുപ്പിലെ കനലിൽ വാട്ടി ഉച്ചക്കത്തെ ചോറും കറിയും എടുത്തു വച്ചോ.... പറ്റിയാ ഒരോ ഫോട്ടം കൂടി ഇട്ടോ.. നോക്കട്ടെ ആരാ നല്ല ഇല പൊതി ഉണ്ടാക്കുന്നെന്നു....

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم