നാടൻ കോഴി പെരട്ട് -
By : Vinu Nair
തിരുവനന്തപുരത്തെ ഏറ്റവും പ്രശസ്തമായ ചിക്കൻ വിഭവമാണ് ബാലരാമപുരത്തെ കട്ടചൽകുഴി കൃഷ്ണാ ഹോട്ടലിൽ കിട്ടുന്ന നാടൻ കോഴി പെരട്ട് , കൃഷ്ണൻകുട്ടി അണ്ണന്റെ സ്വന്തം റെസിപ്പിയാണ് ഇത് , മിക്ക പ്രമുഖ ചാനലുകളിലും ഈ ഹോട്ടലും ഇവിടത്തെ പെരട്ടും കാണിച്ചിട്ടുണ്ട്. അവിടെ തന്നെ വളർത്തുന്ന കോഴിയെ അവിടെ തന്നെ ഡ്രസ്സ്‌ ചെയ്തു അവിടെ പൊടിച്ച പൊടികൾ ചേർത്ത് കഴിക്കാനെത്തുന്നവരുടെ കണ്മുമ്പിൽ പാകം ചെയ്തു കൊടുക്കുന്നു എന്നതാണ് പ്രത്യേകത. ഞങ്ങൾ മിക്കവാറും പോയി കഴിക്കാറുണ്ട് .വീട്ടിൽ ഉണ്ടാക്കാറുമുണ്ട്. ചേരുവകൾ ഒക്കെ കുറവാണ് ,കുറച്ചു സമയവും അദ്ധ്വാനവും വേണ്ടി വരുമെന്ന് മാത്രം.

വേണ്ട സാധനങ്ങൾ --
-----------------------------------------

നാടൻ കോഴി - ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചത്
മുളക് പൊടി
മഞ്ഞൾ പൊടി
മല്ലിപ്പൊടി
ഗരം മസാല പൊടി
ഉപ്പ്
വെളിച്ചെണ്ണ
ഉണങ്ങിയ പുതീനയില
കറിവേപ്പില

ഉണ്ടാക്കുന്ന വിധം -
*******************************

ചെറിയ പീസുകൾ ആക്കിയ നാടൻ കോഴിയിൽ മുളകുപൊടി ,മഞ്ഞപ്പൊടി ,മല്ലിപ്പൊടി ,ഗരം മസാല പൊടി ,ഉപ്പ് ,എന്നിവ ചേർത്ത് ഇളക്കി 15 മിനിറ്റ് വയ്ക്കണം .പൊടികൾ എല്ലാം പകുതിയേ ചേർക്കാവു ബാക്കി പകുതി പിന്നെയാണ് .

ഇനി നല്ല കട്ടിയുള്ള വലിയ ചീന ചട്ടി എടുക്കണം , വെളിച്ചെണ്ണ ഉഴിച്ചു ചൂടായാൽ ഉണക്ക പുതീന ഇലയും കറിവേപ്പിലയും ഇടണം ,എന്നിട്ട് കോഴി ഇടാം ,വലിയ തവി കൊണ്ട് ഹൈ ഫ്ലെയിമിൽ നന്നായി ഇളക്കി മീഡിയം തീയിലാക്കി മൂടി വയ്ക്കണം , അഞ്ചു മിനിട്ട് തോറും മൂടി മാറ്റി തീ കൂട്ടി ഇളക്കി തീ കുറച്ചു മൂടി വയ്ക്കണം ,അങ്ങനെ കോഴി മുക്കാൽ ഭാഗം വെന്തു വരുമ്പോൾ ,മറ്റൊരു ചെറിയ ചട്ടിയിൽ എണ്ണ ഉഴിച്ചു കടുക് പൊട്ടിച്ചു ബാക്കി പകുതി പൊടികൾ(ഉപ്പ് ഒഴികെ) ചേർത്തു കരിഞ്ഞു പോകാതെ മൂപ്പിച്ചു തീയണച്ചു ആ എണ്ണ ഈ കോഴിയിലേക്ക് ഉഴിച്ചു വീണ്ടും നന്നായി ഇളക്കണം ,അപ്പോഴേക്കും നല്ല റെഡ് -ബ്രൌണ്‍ നിറം ആയിക്കാണും..ഉപ്പുണ്ടോന്നു നോക്കി വേണമെങ്കിൽ ചേർക്കാം ...ഒരഞ്ചു മിനിട്ട് കൂടി മൂടി വച്ച് പിന്നേം മൂടി തുറന്നു നന്നായി ഇളക്കി തീയണച്ചു ഒരു 10 മിനിട്ട് മൂടി വച്ച ശേഷം സെർവ്‌ ചെയ്യാം ....ഇങ്ങനെ ഇടയ്ക്കിടെ ഇളക്കുന്നത് കൊണ്ടാണ് "പെരട്ട്" എന്ന് വിളിക്കുന്നത്.

മുളക് എരിവനുസരിച്ച്‌ ചേർക്കാം ,നിറയെ മുളക് ചേർക്കേണ്ട വിഭവമാണ് ഇത് ,എന്നാലും ഒരുപാട് നേരം പെരട്ടുന്നത് കൊണ്ട് എരിവ് ഒരിക്കലും ഓവർ ആകില്ല , എന്നാലും പൊടികളുടെ റേഷിയൊ ഇങ്ങനെയാണ് , മുളകുപൊടി എത്രയിടുന്നോ അതിന്റെ പകുതി മല്ലിപ്പൊടി , മല്ലിപ്പൊടിയുടെ പകുതി ഗരം മസാലപ്പൊടി , ഗരം മസാലപ്പൊടിയുടെ പകുതി മഞ്ഞൾ ...ഉപ്പ് ആവിശ്യത്തിന് ...ഇതാണ് കണക്ക് .

ഈ റെസിപ്പിക്ക് പ്രത്യേകതകൾ പലതാണ് ഇഞ്ചിയോ വെളുത്തുള്ളിയോ ഉള്ളിയോ തക്കാളിയോ പച്ചമുളകോ ഒന്നുമില്ല .. സാധാരണ കടുകും കറിവേപ്പിലയും ഒരുമിച്ചാണ് ചേർക്കാര് ,ഇതിൽ രണ്ടും രണ്ടു സമയത്താണ് ,കടുക് താളിക്കുന്നത് അവസാനമാണ് , പൊടികൾ ചേർക്കുന്നത് രണ്ടു ഭാഗങ്ങൾ ആയിട്ടാണ്, ആദ്യം മാരിനെറ്റ് ചെയ്യുമ്പോഴും പിന്നെ അവസാനം കടുക് താളിക്കുമ്പോഴും . തീർച്ചയായും ഒരു പ്രത്യേക രുചി തന്നെയാണ് .

നാടൻ കോഴി ലഭിക്കാത്തവർ ബ്രോയിലർ കോഴിയിലാണ് ഉണ്ടാക്കുന്നത് എങ്കിൽ ,ഇത്രയും സമയം അടുപ്പത്തു വയ്ക്കേണ്ട കാര്യം ഇല്ല എന്നത് അറിയാമല്ലോ. പെട്ടന്ന് വെന്തു കിട്ടും ,എന്നാലും തനതായ രുചി നാടൻ കോഴി തന്നെ. 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم